പനത്തടി ഗ്രാമപഞ്ചായത്ത്

2014 - ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ വരുന്ന കള്ളാര്‍, പനത്തടി, കോടോം ബേലൂര്‍ , ബളാല്‍ , കിനാനൂര്‍ കരിന്തളം, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി എന്നീ ഗ്രമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പനത്തടി ഗ്രാമപഞ്ചായത്ത്  വെള്ളരിക്കുണ്ട് താലൂക്കിലാണ് ഉള്‍പ്പെടുന്നത്. 79.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കര്‍ണ്ണാടക സംസ്ഥാനവും, തെക്ക് ബളാല്‍ പഞ്ചായത്തും, കിഴക്ക് കര്‍ണ്ണാടക സംസ്ഥാനവും, പടിഞ്ഞാറ് കുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകളുമാണ്. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍  കിഴക്ക് മലനാടിന്റെ  ഭാഗമായി കുടക് ജില്ലയോട് തൊട്ടുരുമ്മി സമുദ്രനിരപ്പില്‍  നിന്നും 3480 അടിവരെ ഉയരമുള്ള മലനിരകളും താഴ്വരകളും ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ പ്രദേശമാണ് പനത്തടി പഞ്ചായത്ത്.  മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ തെക്കന്‍ കര്‍ണ്ണാടക ജില്ലയില്‍  ഉള്‍പ്പെടുന്ന പനത്തടി വിവിധ മതവിശ്വാസികളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും സംഗമഭൂമി കൂടിയാണ്. കൂര്‍ഗില്‍ നിന്നാരംഭിച്ച് പഞ്ചായത്തിന്റെ  ഏതാണ്ട് മധ്യഭാഗത്തുകൂടി കിഴക്ക് പടിഞ്ഞാറായി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴ ഇവിടുത്തെ കാര്‍ഷികമേഖലയെ ധന്യമാക്കുന്ന പുണ്യനദിയാണ്. കുടകു വനാന്തരങ്ങളുടെ മടിത്തട്ടില്‍, പഞ്ചായത്തിന്റെ  അതിര്‍ത്തിയില്‍  ഉത്തരകേരളത്തിലെ ഭക്തജനങ്ങളുടെ ആശാകേന്ദ്രമായ കിഴക്കേ കോവിലകം തുളുര്‍വനത്തില്‍ ഭഗവതി ക്ഷേത്രവും, പഞ്ചായത്തിന്റെ  മദ്ധ്യഭാഗത്ത് കള്ളാറിന്റെ  തിരുനെറ്റിയില്‍  തിലകം ചാര്‍ത്തുന്ന മഹാവിഷ്ണു ക്ഷേത്രവും സഹ്യാദ്രിയെ നിത്യവും പള്ളിയുണര്‍ത്തുന്ന പെരുതടി ശിവക്ഷേത്രവും അംബരചുംബികളായി മണിനാദം മുഴക്കുന്ന രാജപുരം തിരുകുടുംബദേവാലയം, മാലക്കല്ല് ലൂര്‍ദ്മാതാ പള്ളി, പനത്തടി സെന്റ് ജോസഫ് പള്ളി, പാണത്തൂര്‍ പള്ളി എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളും കള്ളാര്‍, പാണത്തൂര്‍ മുസ്ളീം പള്ളികളും പഞ്ചായത്തിലെ പ്രധാനപ്പെട്ട ആദ്ധ്യാത്മിക കേന്ദ്രങ്ങളാണ്. ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്തിന് പ്രധാന്യംകൊടുത്തുകൊണ്ട് 1995-ല്‍  സ്ഥാപിക്കപ്പെട്ട രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഈ മേഖലയുടെ അഭിമാന സ്തംഭമായി തലയുയര്‍ത്തി നില്‍ക്കുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍  കാസര്‍ഗോഡ് സബ് കളക്ടറായിരുന്ന ആനന്ദബോസിന്റെ മനസിലുദിച്ച ഗ്രാമോത്സവം എന്ന സങ്കല്‍പം ഇന്ത്യയില്‍  ആദ്യമായി പനത്തടി പഞ്ചായത്തിലെ രാജപുരത്ത് വച്ച് നടത്തപ്പെട്ടു. ഈ പരിപാടിയുടെ ചുവടുപിടിച്ചാണ് പില്‍ക്കാലത്ത് ജനസമ്പര്‍ക്ക പരിപാടി എന്ന ആശയം നിലവില്‍ വന്നത്. 1984-ല്‍  കാസര്‍ഗോഡ് ജില്ലാ രൂപീകരണത്തോടെ പനത്തടിയെ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായി പരിഗണിച്ച് പരമാവധി പദ്ധതി വിഹിതം നല്‍കികൊണ്ട് വികസനരംഗത്ത് അര്‍ഹമായ സ്ഥാനം ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. പനത്തടി പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം  അലങ്കരിച്ചത് എം കുഞ്ഞിരാമന്‍ നമ്പ്യാരാണ്. 15-2-69 ല്‍  പയ്യന്നൂര്‍ പാണത്തൂര്‍ സ്റ്റേറ്റ് ബസ്സ് പഞ്ചായത്തില്‍  സര്‍വ്വീസ് ആരംഭിച്ചു. 32 ഓളം ഹിന്ദു ആരാധനാലയങ്ങളും, 7 മുസ്ളീം പള്ളികളും, 13 ക്രിസ്ത്യന്‍ദേവാലയങ്ങളും പനത്തടിയുടെ ആധ്യാത്മിക സമ്പന്നതയുടെ കേദാരമാണ്. ആദിവാസി വിഭാഗക്കാരായ മറാഠികള്‍ അധികവും ഈശ്വര വിശ്വസികളാണ്. മല ദൈവങ്ങളേയും, കുലദൈവങ്ങളേയും ഇവര്‍ ആരാധിച്ചുപോരുന്നു. ഭൈരവ ദേവന്‍, കരിഞ്ചാമുണ്ഡി, പഞ്ചൂര്‍ളി, വിഷ്ണുമൂര്‍ത്തി തുടങ്ങിയതെയ്യങ്ങളെ കെട്ടിയാടിക്കുന്ന സമ്പ്രദായം ഇവരില്‍  ഉണ്ട്. ലിപിയില്ലാത്ത മറാഠി ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

ചരിത്രം

പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും പുരാതനമായ തുളുച്ചേരി തറവാട്ടുവകയും നീലേശ്വരം കോവിലകം, കോടോം തറവാട് എന്നിവരുടെ അധീനതയിലുമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതുവരെ ജന്‍മി കുടിയാന്‍ വ്യവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ജന്‍മി കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചിരുന്ന പട്ടേലര്‍ പദവി ഉപയോഗിച്ച് നാടുഭരിച്ചിരുന്ന സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. നാട്ടിലെ അനൌദ്യോഗിക ഭരണതലവനായിരുന്നു പട്ടേലര്‍. കളക്ടര്‍ ഉള്‍പ്പെടെ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ആദ്യമായി പട്ടേലരുമായി ബന്ധപ്പെട്ടതിന് ശേഷമേ നാട്ടിലെ മറ്റ് കാര്യങ്ങളില്‍  ഇടപെട്ടിരുന്നുള്ളൂ. കുടുംബ പാരമ്പര്യരീതിയില്‍  തുടര്‍ന്ന് വന്നിരുന്ന പട്ടേലര്‍ സ്ഥാനം കോടോത്ത് കുഞ്ഞമ്പുനായര്‍, കോടോത്ത് കേളുനായര്‍ എന്നിവര്‍ക്ക് ശേഷം എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്കായിരുന്നു. 1956-ലാണ് ജനാധിപത്യരീതിയിലുള്ള ഭരണം നിലവില്‍  വന്നത്. ഇവിടുത്തെ ആദിവാസികളെ കൂടാതെ സൌത്ത് കാനറയില്‍  നിന്നും  വന്ന മഹാരാഷ്ട്രാ വംശജരായ മറാഠി സമൂഹം പനത്തടിയില്‍  കുന്നിന്‍ ചെരിവുകളില്‍  കൂട്ടം  കൂട്ടമായി കുടില്‍ കെട്ടി താമസിച്ചു. ആടുകളെ വളര്‍ത്തുന്ന ഇക്കൂട്ടര്‍ വന്യമൃഗങ്ങളുടെ ഉപദ്രവം ഭയന്നാണ് കൂട്ടമായി താമസിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഹിന്ദി കലര്‍ന്ന മറാഠി ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍  പനത്തടിയിലും അപുര്‍വ്വം ചിലപഞ്ചായത്തുകളിലും കാണുന്ന മറാഠി വിഭാഗം  ഈ നാടിന്റെ  സാമൂഹ്യാചാരങ്ങളുമായി ഇഴുകിചേര്‍ന്ന് കൂലിപ്പണിചെയ്തും സ്വന്തമായി കൃഷിനടത്തിയും ഉപജീവനം നടത്തുന്ന അദ്ധ്വാനശീലരാണ്. കൃഷിപ്പണി എടുക്കുമ്പോള്‍ മഴ നനയാതിരിക്കാന്‍ ഇലയും മുളയും കൊണ്ടുണ്ടാക്കുന്ന മരക്കൊരമ്പയും തെങ്ങോല കൊണ്ടുണ്ടാക്കുന്ന ഓലക്കൊരമ്പയും  ആദിവാസികളോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിച്ചിരുന്നു. കൂടാതെ കോപ്പള വിഭാഗക്കാര്‍ കവുങ്ങിന്‍  പാളകൊണ്ട് നിര്‍മ്മിക്കുന്ന തൊപ്പിയും,അരയില്‍  കത്തി സൂക്ഷിക്കുന്ന തൊടങ്ങും ഇവിടുത്തെ പ്രത്യേക ആകര്‍ഷണങ്ങളായിരുന്നു. ജന്‍മിമാരുടെ ആജ്ഞാനുസരണം പകലന്തിയോളം പണിയെടുത്തിരുന്ന മാവിലര്‍, ചെറുമര്‍‍, വേട്ടുവര്‍ എന്നീ പട്ടികവര്‍ഗ്ഗക്കാര്‍ പുല്ലുമേഞ്ഞകുടിലുകളിലാണ് താമസിച്ചിരുന്നത്.  പനത്തടി ഗ്രാമത്തില്‍  നീലേശ്വരം കോവിലകം വക സ്ഥലത്തില്‍  നിന്നും 1800 ഏക്കര്‍ സ്ഥലത്ത്1942 മാര്‍ച്ച് 26-ാം തീയതി ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ആപ്പീസില്‍   വച്ച് ചൂളപ്പറമ്പില്‍  പിതാവിന്റെ പേരില്‍  ജന്‍മം വാങ്ങി. 12 1/2ഏക്കര്‍ വീതമുള്ള 72 ബ്ളോക്കുകളായി തിരിച്ച് വിവിധ ഇടവകകളില്‍  പെട്ട 72 കുടുംബക്കാര്‍ക്ക് ഏക്കര്‍ സ്ഥലത്തിന് 6 രൂപയും 2 രൂപാ ആധാരചിലവ് ഉള്‍പ്പെടെ മൊത്തം എട്ട് രൂപാ വില നിശ്ചയിച്ച് ഒരുബ്ളോക്ക് സ്ഥലത്തിന് 100 രൂപാവിലക്ക് നല്‍കുകയും ചെയ്തു. .അങ്ങിനെ 1943 ഫെബ്രുവരി 2-ാം തിയതി പനത്തടിയുടെ മല മടക്കുകളില്‍  72 കുടുംബങ്ങള്‍ എത്തിപ്പെട്ടു. രാജപുരത്ത് ഞായറാഴ്ചകളില്‍  ദിവ്യബലി അര്‍പ്പിക്കുന്നതിനായി പണിതീര്‍ത്ത 100 അടി നീളവും 20അടി വീതിയുമുള്ള ഓല ഷെഡില്‍  1943 ജൂണ്‍ മാസത്തില്‍  പനത്തടിയിലെ ആദ്യത്തെ സ്കൂള്‍  ആരംഭിച്ചു.  ഈ സ്കൂള്‍ പടിപടിയായി ഉയര്‍ന്ന് ഹോളി ഫാമിലി സ്കൂളായി മാറി. 1959-65 കാലഘട്ടത്തില്‍ നടന്ന എന്‍.എസ്.എസിന്റെ കുടിയേറ്റവും പനത്തടി പഞ്ചായത്തിലെ കാര്‍ഷിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പരിവര്‍ത്തനത്തിന് ആക്കംകൂട്ടി. എന്‍.എസ്.എസിന്റെ സമുദായാചാര്യനായ  മന്നത്ത് പത്മനാഭന്റെയും അന്നത്തെ ജനറല്‍  സെക്രട്ടറിയായിരുന്ന മക്കപ്പുഴ വാസുദേവന്‍ പിള്ളയുടേയും ശ്രമഫലമായിട്ടായിരുന്നു എന്‍.എസ്.എസ് കുടിയേറ്റം സാക്ഷാത്കരിക്കപ്പെട്ടത്. ഇതിന്റെ ഫലമായി 1959 മെയ് മാസത്തില്‍ നീലേശ്വരം കോവിലകത്തെ 6 അവകാശികളില്‍  നിന്നായി പനത്തടി വില്ലജിലെ റീ സര്‍വ്വേ നമ്പര്‍ 273/1 എ യില്‍ പട്ട 5000 ഏക്കര്‍ ഭൂമി വിലക്ക് വാങ്ങി. ഇതില്‍  1500 ഏക്കര്‍ ഭൂമിയാണ് ഇന്ന് ജില്ലയിലെ ഏറ്റവും വലിയ റബ്ബര്‍ എസ്റ്റേറ്റ് ആയി മാറിയത്. അഡ്വവി.പി ഗോവിന്ദന്‍ നായര്‍, സി.ജി.പരമേശ്വരന്‍ നായര്‍ എന്നീ എന്‍.എസ്.എസ് കോളനി സ്പെഷ്യല്‍  ഓഫീസര്‍മാരുടെ നേതൃത്വത്തില്‍  മദ്ധ്യകേരളത്തിലെ മിക്കവാറും എല്ലാ താലൂക്കുകളിലും നിന്നുമായി 80 കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍  കുടിയേറിയത്. രണ്ടാം ഘട്ടമായി 1970-75 കാലഘട്ടത്തില്‍  തെക്കന്‍ ജില്ലയില്‍  നിന്നുമായി 500 ഓളം കുടുംബങ്ങളും  ഈ മണ്ണിലെത്തി. ഒരു കുടുംബത്തിന് 5 ഏക്കര്‍ സ്ഥലം വീതമാണ് ആദ്യം നല്‍കിയിരുന്നത്. പൊതുവെ വ്യാപകമായി കൃഷിചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്ന നായര്‍ സമുദായക്കാര്‍ക്ക് തദ്ദേശവാസികളുടേയും മറാഠി സമുദായക്കാരുടേയും ക്രിസ്തീയകുടിയേറ്റക്കാരുടേയും കഠിനാദ്ധ്വാനം പുതിയ പ്രതീക്ഷകള്‍ നല്‍കി. പൂനം കൃഷി,കുരുമുളക് കൃഷി എന്നിവ കൂടാതെ ആവശ്യത്തിന് തെങ്ങ്, കവുങ്ങ്, കശുമാവ്, മാവ്, പ്ളാവ് എന്നീ കൃഷികളും മാത്രമായിരുന്നു മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍  കുടിയേറ്റ കര്‍ഷകര്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി കപ്പ, ചേന, കാച്ചില്‍ , ചേമ്പ്, ചെറുകിഴങ്ങ് എന്നീ കൃഷികളും റബ്ബര്‍,ക കവുങ്ങ്, തെങ്ങ് എന്നീ തോട്ടവിളകളും വ്യാപകമായി കൃഷിചെയ്യാന്‍ തുടങ്ങി. 1970-ല്‍  40 കുടുംബങ്ങള്‍ പനത്തടിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് കുടിയേറി.

സാംസ്കാരിക ചരിത്രം

ശിവജിയുടെ പിന്‍മുറക്കാരെന്ന് കരുതപ്പെടുന്ന ആദിവാസികളായ മറാഠി സമുദായക്കാര്‍, മലങ്കാടുകളില്‍  വന്യമൃഗങ്ങളോടൊത്ത് പ്രകൃതിയുടെ ഭാഗമായി ജീവിച്ചിരുന്ന പട്ടികജാതി വിഭാഗക്കാര്‍, ഭൂവുടമകളായ ഏതാനും കര്‍ഷക തറവാട്ടുകാര്‍ ഇവരുടെ ജീവിതക്രമവും സാമൂഹ്യ ബന്ധങ്ങളുമായിരുന്നു പനത്തടിയുടെ ആദ്യകാല സാംസ്കാരിക ചരിത്രം. സാംസ്കാരികനവോത്ഥാനത്തില്‍   കൈത്തിരികളുമായി കേരള ഗാന്ധി കേളപ്പജിക്ക് പനത്തടിയില്‍  നിന്നും ഉത്തര മലബാറിന്റെ  തലസ്ഥാനമായിരുന്ന നീലേശ്വരം കോവിലകത്തിന്റെ  പടിവാതില്‍ക്കല്‍  എത്തിയ കാല്‍ നടയാത്ര ഈ മണ്ണിന്റെ സാംസ്കാരിക ചരിത്രത്തിലെ വഴിത്തിരിവാണ്. നാടന്‍ കലാരൂപങ്ങളുടെ കാര്യത്തില്‍  പനത്തടി സമ്പന്നമാണ്. ആദിവാസികളുടെ നൃത്തങ്ങളും, ദൈവികസങ്കല്‍പ്പങ്ങളുമായി കൈകോര്‍ത്ത് നില്‍ക്കുന്ന തെയ്യവും ഇന്നും ഈ മണ്ണില്‍  ഭാഗമാണ്. മഞ്ഞടുക്കം തൂളൂര്‍ വനത്തില്‍  എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന കളിയാട്ടമഹോത്സവം സമുദായ വേലിക്കെട്ടുകളെ ഭേദിച്ച് കൊണ്ട് ഒരു ജനതയുടെ ഉത്സവമായി മാറിയിരിക്കുന്നു. കൂവം അളക്കല്‍  ചടങ്ങോടുകൂടി ആരംഭിക്കുന്ന കളിയാട്ട മഹോത്സവം മുന്നായരീശ്വരന്റെ  മുടിയെടുക്കലോടെ സമാപിക്കുന്നു. പെരുതടി ശിവക്ഷേത്രത്തിലേയും കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേയും ഉല്‍സവങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുന്നു. രാജപുരം തിരുകുടുംബ ദേവാലയം, മാലക്കല്ല് ലൂര്‍ദ്മാതാ ദേവാലയം എന്നിവിടങ്ങളിലെ തിരുന്നാള്‍ ആഘോഷം പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പാഘോഷം, കള്ളാര്‍ പാണത്തൂര്‍ മഖാമുകളിലെ ഉറൂസുകള്‍ എന്നിവ സാമുദായിക ആഘോഷങ്ങള്‍ എന്നതിലുപരി പ്രദേശിക ആഘോഷങ്ങള്‍ എന്ന നിലയിലാണ് എണ്ണപ്പെടുന്നത്. 



COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
static_page
Vellarikundu News: പനത്തടി ഗ്രാമപഞ്ചായത്ത്
പനത്തടി ഗ്രാമപഞ്ചായത്ത്
Vellarikundu News
https://www.vellarikundu.com/p/panathady-grama-panchayat.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/p/panathady-grama-panchayat.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy